Kerala
കൊച്ചി: മുട്ടില് മരംമുറി വഞ്ചനാക്കേസില് വിചാരണ നിര്ത്തി വയ്ക്കണമെന്ന പ്രതികളായ അഗസ്റ്റിന് സഹോദരന്മാരുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. സുല്ത്താന് ബത്തേരി മജിസ്ട്രേറ്റ് കോടതിയില് മരംമുറി കേസില് തീരുമാനമുണ്ടാകും വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണനടപടികള് നിര്ത്തിവയ്ക്കണമെന്ന് ആവശ്യമാണ് തള്ളിയത്.
ഇതേ ഹര്ജി നേരത്തെ ഹൈക്കോടതി തള്ളുകയും വിചാരണക്കോടതിയെ സമീപിക്കാനും നിര്ദേശിച്ചിരുന്നു. ഇതോടെയാണ് മജിസ്ട്രേറ്റ് കോടതിയില് ഹര്ജി നല്കിയത്. മരംമുറി കേസും വഞ്ചനാക്കേസും രണ്ട് കേസുകളായി നിലനില്ക്കുമെന്ന് കോടതി പറഞ്ഞു. വിചാരണ തുടരുമെന്ന് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
സെപ്റ്റംബര് 7ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്പ്പിക്കും. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനും വീഡിയോ കോണ്ഫറന്സ് വഴിയും ഹാജരാകും.
വയനാട് മേപ്പാടിയില് നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള് വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്.
കമ്പനി ഉടമ എം.എം. അലിയാര് നല്കിയ പരാതിയിലാണ് 2021ല് റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതിയില് പ്രതികള് നിരന്തരം ഹാജരാകാതിരുന്നത് കടുത്ത വിമര്ശനത്തിന് ഇടയാക്കിയിരുന്നു.
National
ന്യൂഡൽഹി : രാജ്യത്തുടനീളം ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ വൻ വിദ്യാർഥിപ്രക്ഷോഭങ്ങൾ അരങ്ങേറിയതിനു പിന്നാലെ നടന്ന നിർണായക നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ബിഹാറിലെ ബാങ്കിപ്പുരിൽ അട്ടിമറി സൂചന.
മൂന്നു പതിറ്റാണ്ടായി ബിജെപിയുടെ ഉറച്ച കോട്ടയായ ഇവിടെ പ്രശസ്ത തെരഞ്ഞെടുപ്പു തന്ത്രജ്ഞനും ജൻസുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോറാണു മുന്നിൽ. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തുന്ന പ്രശാന്ത് കിഷോർ, ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിൻഹയേക്കാൾ ആറായിരത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് നിലവിൽ മുന്നേറുന്നത്.
വലിയ രാഷ്ട്രീയ ചർച്ച
243 അംഗ ബിഹാർ നിയമസഭയിലെ ഭരണസമവാക്യങ്ങളെ ഉപതെരഞ്ഞെടുപ്പുഫലം നേരിട്ടു ബാധിക്കില്ലെങ്കിലും ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ പ്രശാന്ത് കിഷോറിനു സാധിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ബാങ്കിപ്പുരിൽ ഇക്കുറി 34.24 ശതമാനം വോട്ടിംഗ് മാത്രമാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 41.45 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടിംഗിൽ ഏഴു ശതമാനത്തോളം കുറവുണ്ടായി.
ബിജെപിയിലെ ആഭ്യന്തര ആശയക്കുഴപ്പങ്ങളും ജാതി-മത സമവാക്യങ്ങൾക്കതീതമായി പ്രശാന്ത് കിഷോർ ഉയർത്തിയ വികസനനിലപാടുകളുമാണ് ബാങ്കിപ്പുരിനെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കിയത്. ജനപിന്തുണയെ തെരഞ്ഞെടുപ്പു വിജയമാക്കി മാറ്റാനുള്ള ജൻ സൂരാജ് പാർട്ടിയുടെ ശേഷിക്കുള്ള നിർണായക പരീക്ഷണമായാണ് രാഷ്ട്രീയനിരീക്ഷകർ ഇതിനെ വീക്ഷിക്കുന്നത്.
ദാതിയയിൽ കോൺഗ്രസും മഞ്ചൽപുരിൽ ബിജെപിയും
ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസും ഗുജറാത്തിലെ മഞ്ചൽപുരിൽ ബിജെപിയുമാണ് മുന്നിൽ. തട്ടിപ്പു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതി ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടതിനാലാണ് ദാതിയ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻ എംഎൽഎയും രാജകുടുംബാംഗവുമായ കുൻവർ ഘൻശ്യാം സിംഗ് (കോൺഗ്രസ്), പുതുമുഖമായ അശുതോഷ് തിവാരി (ബിജെപി) എന്നിവർ തമ്മിലാണ് നേർക്കുനേർ പോരാട്ടം. മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രയ്ക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പാർട്ടിക്കുള്ളിലെ അമർഷവും പ്രതിഷേധങ്ങളുമാണ് ബിജെപിക്കു തിരിച്ചടിയായത്.
അതേസമയം, ഗുജറാത്തിലെ മഞ്ചൽപുരിൽ തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്ക് സംരക്ഷിച്ച് ബിജെപി കൂറ്റൻ വിജയത്തിലേക്കു കുതിക്കുകയാണ്. എട്ടു തവണ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിർന്ന നേതാവ് യോഗേഷ് പട്ടേലിന്റെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബിജെപി സ്ഥാനാർഥി സതീഷ് പട്ടേൽ മുന്നിലാണ്. കോൺഗ്രസ് വൈസ് പ്രസിഡന്റ് ഭിഖാഭായ് റബാരിയാണു എതിർസ്ഥാനാർഥി.
Kerala
കൊച്ചി: വർഷങ്ങളായുള്ള ആവശ്യങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പാൽ വില നാലു രൂപ വർധിപ്പിച്ചത് ക്ഷീരകർഷകർക്കു തെല്ല് ആശ്വാസമായെങ്കിലും തൊട്ടുപിന്നാലെ കാലിത്തീറ്റ വിലയും ഉയർത്തിയത് തിരിച്ചടിയായി.
ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിക്കുന്നതിനാൽ പലരും ക്ഷീരമേഖല വിട്ടുപോകുന്ന സാഹചര്യത്തിൽ കാലിത്തീറ്റ വിലവർധനയുടെ ഭാരം ഈ രംഗത്തെ കർഷകരെയാകെ തളർത്തുന്നതാണ്.
കേരള ഫീഡ്സ് ഉൾപ്പെടെ സംസ്ഥാനത്തു കാലിത്തീറ്റ വിപണിയിലുള്ള ചെറുതും വലുതുമായ കന്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്കു വില വർധിപ്പിച്ചു. സൈലേജ്, തീറ്റപ്പുല്ല് എന്നിവയുടെ വില കൂടിയതിനു പിന്നാലെയാണ് പായ്ക്കറ്റുകളിലെത്തുന്ന കാലിത്തീറ്റയുടെയും വിലയിൽ വർധനയുണ്ടായത്.
സർക്കാർ സ്ഥാപനമായ കേരള ഫീഡ്സിന്റെ വിവിധ ബ്രാൻഡുകളിലുള്ള കാലിത്തീറ്റകൾക്ക് 70 രൂപയുടെ വർധനയാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. 1574 രൂപയായിരുന്ന ഡയറി റിച്ചിന്റെ 50 കിലോഗ്രാം പായ്ക്കറ്റിന് 1644 രൂപയായി ഉയർന്നു. 1410 രൂപയ്ക്കു കിട്ടിയിരുന്ന 45 കിലോഗ്രാമിന്റെ പായ്ക്കറ്റിന്റെ വില 1480ലെത്തി.
കെഎഫ് എലൈറ്റ്, മിടുക്കി കാലിത്തീറ്റകൾ 50 കിലോഗ്രാമിന് യഥാക്രമം 1540, 1440 രൂപയായി വർധിച്ചു. ക്ഷീരകർഷകർ കൂടുതലായി ആശ്രയിക്കുന്ന കെഎസ് കാലിത്തീറ്റയുടെ വിലയും ഉയർന്നു. 50 രൂപവീതം വർധനയുണ്ടായത് അടുത്തിടെയാണ്. മിൽമയും കാലിത്തീറ്റയുടെ വില വർധിപ്പിച്ചിരുന്നു.
ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണു കാലിത്തീറ്റ വില ഉയർത്താൻ കാരണമെന്ന് കേരള ഫീഡ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ പറഞ്ഞു. അസംസ്കൃത വസ്തുക്കളായ ചോളം, സോയ തുടങ്ങിവയ്ക്ക് വില വർധിച്ചിട്ടുണ്ട്. ആട്, കോഴി തീറ്റകൾക്കും കന്പനികൾ വില കൂട്ടി.
കേരള ഫീഡ്സിന്റെ അതുല്യം ലെയർ മാഷ് 20 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 850 രൂപ നൽകണം. മഴക്കാലത്തു വ്യാപകമാകുന്ന അകിടുവീക്കം, കുളമ്പുരോഗം, ചർമമുഴ തുടങ്ങിയ രോഗങ്ങൾ കന്നുകാലികളിൽ പാൽ ഉത്പാദനം കുറയ്ക്കുന്നതിന്റെ ആശങ്കകൾ കർഷകരെ അലട്ടുന്പോഴാണ് കാലിത്തീറ്റകളുടെ വില വർധനകൂടി എത്തുന്നത്.
National
ന്യൂഡൽഹി: ബിജെപിയുടെ ടിവി ചാനൽ ചർച്ചകളിലെ ഏറ്റവും സജീവമായ മുഖവും പാർട്ടി വക്താവുമായ ഷെഹ്സാദ് പൂനെവാല പാർട്ടി വിട്ടു. വ്യാഴാഴ്ച തന്റെ എക്സ് ഹാൻഡിലിലെ ബയോ മാറ്റിയ അദ്ദേഹം, "ബിജെപി ദേശീയ വക്താവ്" എന്നത് ഒഴിവാക്കുകയും എന്നാൽ "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നത് നിലനിർത്തുകയും ചെയ്തു.
"മതം: ഇസ്ലാം, സംസ്കാരം: ഹിന്ദു, പ്രത്യയശാസ്ത്രം: ഭാരതീയർ, ഗ്രന്ഥകർത്താവ്: ജിഎസ്ടി കി യാത്ര; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി" എന്നാണ് പൂനെവാല തന്റെ പുതിയ ബയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് ഷെഹ്സാദ് രാജിവച്ചതെന്നാണ് സൂചന. അഭിഭാഷകനായ ഷെഹ്സാദ് പൂനെവാല കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. എന്നാൽ 2017ൽ പാർട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2017ൽ കോൺഗ്രസ് വിട്ടു.
തുടർന്ന് ബിജെപിയിൽ ചേരുകയും പാർട്ടിയുടെ ദേശീയ വക്താവായി നിയമിക്കപ്പെടുകയും ചെയ്തു. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറേണ്ട സമയമായെന്ന് വ്യക്തമാക്കി ഒരു ടിവി ചാനലിന് നൽകിയ മുൻ അഭിമുഖത്തിലെ ക്ലിപ്പ് പൂനെവാല അടുത്തിടെ പങ്കുവച്ചിരുന്നു.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനെവാലയുടെ ഇളയ സഹോദരനാണ് ഷെഹ്സാദ് പൂനെവാല. ഷെഹ്സാദ് കോൺഗ്രസ് വിട്ട് ടിവി ചർച്ചകളിൽ പാർട്ടിയെയും നേതൃത്വത്തെയും ആക്രമിക്കാൻ തുടങ്ങിയതോടെ ഈ സഹോദരന്മാർ തമ്മിൽ പരസ്യമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
കോൺഗ്രസ് അനുകൂലിയായും പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ വിമർശകനായും തെഹ്സീൻ പൂനെവാല പതിവായി ടിവി ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. രാഷ്ട്രീയമായി എതിർചേരിയിലുള്ള ഇരുവരും പലപ്പോഴും വാർത്താ ചാനലുകളിലെ ലൈവ് ചർച്ചകളിൽ മുഖാമുഖം വരികയും പരസ്പരം പരിഹാസങ്ങളും രാഷ്ട്രീയ വിമർശനങ്ങളും ഉന്നയിക്കുകയും ചെയ്യാറുണ്ട്.
രാജിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് ബിജെപിയുടെയോ പൂനെവാലയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമലയിൽ നടപ്പാക്കിയിരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി.വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ട് തള്ളി സർക്കാർ. അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പി.വിജയന് സർക്കാർ ക്ലീൻ ചിറ്റ് നൽകി.
ശബരിമലയിലെ മാലിന്യ നിർമാർജനവും ഭക്തജന സേവനവും ലക്ഷ്യമിട്ട് പോലീസ് നടപ്പിലാക്കി വന്നിരുന്ന മാതൃകാപരമായ പദ്ധതിയാണ് പുണ്യം പൂങ്കാവനം. എന്നാൽ പദ്ധതിയുടെ മറവിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പി. വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അജിത് കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ശബരിമല ചീഫ് കോ-ഓഡിനേറ്ററായ അദ്ദേഹം പദ്ധതി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാർതലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
ആഭ്യന്തര സെക്രട്ടറി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പി.വിജയന്റെ നടപടികൾ പൂർണമായി തൃപ്തികരമാണെന്ന് സർക്കാർ കണ്ടെത്തിയത്. പദ്ധതിയിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
വരുന്ന മണ്ഡലകാലത്ത് പുണ്യം പൂങ്കാവനം പദ്ധതി വീണ്ടും സജീവമായി തുടരാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്ന നിലയിൽ പി. വിജയനാണ് ശബരിമലയുടെ ചുമതല വഹിക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാന വഖഫ് ബോര്ഡിന്റെ പ്രവര്ത്തനം ഹൈക്കോടതി താല്ക്കാലികമായി മരവിപ്പിച്ചു. ബോര്ഡ് പ്രവര്ത്തനങ്ങള്ക്കെതിരെ നല്കിയ വിവിധ ഹര്ജികള് പരിഗണിച്ചു കൊണ്ടാണ് അടുത്ത ബുധനാഴ്ച വരെ വഖഫ് ബോര്ഡിന്റെ പ്രവര്ത്തനങ്ങള് കോടതി മരവിപ്പിച്ചിരിക്കുന്നത്.
വഖഫ് ബോര്ഡ് നിര്ണായക തീരുമാനങ്ങള് എടുക്കരുതെന്നും വലിയ സാമ്പത്തിക ചെലവുകള് പാടില്ലെന്നും കോടതി നിര്ദേശിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ വഖഫ് ബോര്ഡിന്റെ ഭരണപരമായ ചുമതല വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരിക്കും നിര്വഹിക്കുക.
വഖഫ് ബോര്ഡില് മുസ്ലിം ഇതര വിഭാഗങ്ങളില് നിന്നുള്ള രണ്ട് അംഗങ്ങള് വേണമെന്ന നിയമപരമായ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് ഷോണ് ജോര്ജ് ഹര്ജി സമര്പ്പിച്ചത്. മുനമ്പം ഭൂമി വഖഫ് പോര്ട്ടലില് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട അപാകതകളും നടപടിക്രമങ്ങളിലെ വീഴ്ചകളും ഉന്നയിച്ചാണ് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ഹൈക്കോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: ബംഗ്ലാദേശിലെ തന്ത്രപ്രധാന തുറമുഖമായ മോംഗ്ലയിൽ പ്രത്യേക സാമ്പത്തികമേഖല വികസിപ്പിക്കാനുള്ള കരാറിൽ ചൈനയുമായി കൈകോർത്ത് ബംഗ്ലാദേശ്. നേരത്തേ ഇന്ത്യക്കു നീക്കിവച്ചിരുന്ന പദ്ധതിയാണ് ബംഗ്ലാദേശ് പുതിയ കരാറിലൂടെ ചൈനയിലെ ഒരു പൊതുമേഖലാ കമ്പനിക്കു നൽകുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ചൈനാ സന്ദർശനത്തിനിടെയുള്ള കരാർ പ്രഖ്യാപനം നയതന്ത്രപരമായും സാമ്പത്തികമായും ഇന്ത്യക്കു തിരിച്ചടിയാണ്.
കോൽക്കത്തയിൽനിന്ന് 188 കിലോമീറ്റർ മാത്രം അകലെയായുള്ള മോംഗ്ല തുറമുഖത്തിൽ ഇന്ത്യൻ സാമ്പത്തികമേഖല വികസിപ്പിക്കാൻ ബംഗ്ലാദേശുമായി ഇന്ത്യ 2015ൽ ധാരണയായതാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി കടൽമാർഗം ബന്ധപ്പെടാൻ സഹായിക്കുന്ന മോംഗ്ല തുറമുഖത്തിൽ സാമ്പത്തികമേഖല വികസിപ്പിക്കുന്നതിലൂടെ ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താമെന്ന് ഇന്ത്യ കണക്കുകൂട്ടിയിരുന്നു.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ സാമ്പത്തികസഹായത്താൽ മോംഗ്ല തുറമുഖത്തിനും ബംഗ്ലാദേശിലെ പ്രധാന നഗരമായ ഖുൽനയ്ക്കുമിടയിൽ ഒരു പുതിയ റെയിൽവേ ലൈനും ഇരുരാജ്യങ്ങളും ചേർന്നു നിർമിച്ചിരുന്നു. ഇന്ത്യയുടെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന ഏക കരമാർഗം നിലവിൽ സിലിഗുരി ഇടനാഴി മാത്രമായതിനാൽ ബംഗ്ലാദേശിലെ സുപ്രധാന തുറമുഖത്തിൽ സാന്നിധ്യമുണ്ടാക്കുന്നത് ഇന്ത്യക്ക് നേട്ടമാകുമായിരുന്നു.
മോംഗ്ലയിലെ ഭൂമി വികസിപ്പിക്കാൻ 2018ൽ ഹീരാനന്ദാനി ഗ്രൂപ്പിനെ മോദിസർക്കാർ തെരഞ്ഞെടുത്ത് 2022ൽ ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടു വർഷത്തിനുള്ളിൽ പണി ആരംഭിക്കാൻ ഇന്ത്യൻ കമ്പനിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ 2025ൽ ഇന്ത്യയെ കരാറിൽനിന്ന് ഡീ ലിസ്റ്റ് ചെയ്തിരുന്നു. 2024ൽ ബംഗ്ലാദേശ് ഭരണകൂടത്തിനെ അട്ടിമറിച്ച ആഭ്യന്തരവിപ്ലവത്തിനും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്കും ഇടയിലായിരുന്നു ഇത്.
താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റതിനുശേഷവും ഇന്ത്യയുമായി അവർക്ക് അത്ര നല്ല ബന്ധമല്ലെന്ന സൂചനകൾ നൽകുന്നതാണ് ചൈന ബംഗ്ലാദേശുമായി കൂടുതൽ അടുക്കുകയാണെന്ന വസ്തുത. റിപ്പോർട്ടുകളനുസരിച്ച് മോംഗ്ല തുറമുഖത്തിൽ ടെലികമ്യൂണിക്കേഷൻസും ഇലക്ട്രോണിക്സും ഉൾപ്പെടെയുള്ള മേഖലകളിലെ ഉത്പാദനകേന്ദ്രങ്ങൾ നിർമിക്കാനാണു ചൈന പദ്ധതിയിടുന്നത്.
ഫലത്തിൽ, ബംഗാൾ കടലിടുക്കിനടുത്ത തന്ത്രപ്രധാന മേഖലയിൽ ചൈന വാണിജ്യപരമായും നയതന്ത്രപരമായും സ്വാധീനമുറപ്പിക്കുന്നത് ഇന്ത്യക്കു വെല്ലുവിളിയാണ്. ദക്ഷിണേഷ്യൻ തുറമുഖങ്ങളിൽ വൻ നിക്ഷേപങ്ങൾ നടത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് മോംഗ്ല തുറമുഖത്തിലെ പുതിയ കരാറും ഊർജമാകും.
Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞത്.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ മാറ്റിയത്. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കി. ഇതോടെയാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. ഫലം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം വലിയൊരു പാഠമാണ് . ജനവിധി എപ്പോഴും വ്യക്തമായ ചില സന്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.
വി.എസ് എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ജനപക്ഷ രാഷ്ട്രീയം , അഴിമതിക്കെതിരായ പോരാട്ടം, സാധാരണക്കാരന്റെ നീതി എന്നിവയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ജനങ്ങൾ കൃത്യമായി തിരിച്ചറിയുമെന്നതി തെളിവാണ് ഈ ഫലം. പ്രസ്ഥാനങ്ങൾ അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരികെപ്പോകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഉയരുന്ന ചില പ്രവണതകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. നമ്മുടെ സർവകലാശാലകളെയും വിദ്യാഭ്യാസ കേന്ദ്രങ്ങളെയും വർഗീയ അജണ്ടകൾക്ക് പരോക്ഷമായി വിട്ട് കൊടുക്കുന്ന തരത്തിലുള്ള സമരസപ്പെടലുകൾ ഏത് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാലും അത് ഗൗരവമുള്ളതാണ്.
കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ച മതനിരപേക്ഷ-ശാസ്ത്രബോധ ചിന്തകളെ തകർക്കുന്ന ഒരു നീക്കത്തോടും ജനാധിപത്യ വിശ്വാസികൾക്ക് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
International
ദുബായ്: ലബനനില് ഇസ്രേലി സേന നടത്തിയ ആക്രമണം പശ്ചിമേഷ്യയില് സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായെന്നു റിപ്പോർട്ട്.
ബെയ്റൂട്ടിലുണ്ടായ ആക്രമണം സംഭവിക്കാന് പാടില്ലാത്തതായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ ലബനനിലേക്കുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനകരാർ കൈയെത്തും ദൂരത്താണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസും ഇറാനും ഇന്നലെ സമാധാന കരാര് ഒപ്പുവയ്ക്കുമെന്ന് ട്രംപ് ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നതാണ്. ഇസ്രേലി ആക്രമണം യുഎസ്-ഇറാൻ സമാധാന കരാറിനെ തകിടം മറിച്ചെന്നാണു റിപ്പോര്ട്ട്.
ബെയ്റൂട്ടിന്റെ തെക്കന്ഭാഗത്തുള്ള ഹിസുബ്ള്ള കമാന്ഡ് സെന്ററാണ് ആക്രമിച്ചതെന്നാണ് ഇസ്രേലി സേന അറിയിച്ചു. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വടക്കന് ഇസ്രയേലിലേക്ക് റോക്കറ്റ് പായിച്ചാണ് ഹിസ്ബുള്ള തിരിച്ചടിച്ചത്. ഇസ്രയേലിനെ ആക്രമണത്തില്നിന്നു പിന്തിരിപ്പിക്കുന്നതില് അമേരിക്ക പരാജയപ്പെട്ടുവെന്ന് ഇറാനുവേണ്ടി ചര്ച്ച നടത്തുന്ന മുഹമ്മഗദ് ബഗേര് ഗാലിബാഫ് കുറ്റപ്പെടുത്തി.
യുഎസുമായുള്ള ധാരണാപത്രത്തിന്റെ അന്തിമ കരടിൽ ഇറാന്റെ ആണവപ്രവർത്തനങ്ങൾ മുതൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും എണ്ണ ഉപരോധങ്ങളിൽ ഇളവുകൾ നൽകുന്നതും വരെയുള്ള വിവിധ വിഷയങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, സമാധാന കരാർ പ്രകാരം ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വയ്ക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഉണ്ടായതെന്ന് മുൻ മന്ത്രി കെ. രാജൻ. പരാജയത്തിൽ ഒരു ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം വിമർശിക്കുന്നത് ശരിയല്ലെന്നും രാജൻ പറഞ്ഞു.
"കുറച്ച് കഠിനമേറിയ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരുന്നു ഇത്തവണത്തേത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഇടതുപക്ഷം പുറകോട്ട് പോയി. പക്ഷെ അങ്ങനെയൊരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടായെന്ന് കരുതി മുഴുവൻ ചരിത്രവും അങ്ങനെയാണെന്ന് കരുതിയിരിക്കലല്ല കമ്മ്യൂണിസ്റ്റുകാരുടെ ചുമതല.ഇത്തരത്തിൽ ധാരാളമായ അനുഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.'-രാജൻ കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ഏറ്റവും താഴെയുള്ള ഘടകം മുതൽ സുധാര്യമായി മുൻവിധികളില്ലാതെ പരിശോധിച്ച് തിരുത്തും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും രാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവാകുന്നത് പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായ സിപിഎം ആണ് തീരുമാനിക്കേണ്ടതെന്നും അതിൽ തർക്കമില്ലെന്നും രാജൻ പറഞ്ഞു.
വിശാലമായ പങ്കാളിത്തമുണ്ടാകണമെന്നാണ് തീരുമാനം. അതിനാലാണ് ഉപപ്രതിപക്ഷ നേതൃസ്ഥാനവേണമെന്ന ആവശ്യം ശക്തമാക്കിയത്. ഇനി പാർലിമെന്ററി പാർട്ടി യോഗം ചേർന്ന് ബന്ധപ്പെട്ട മറ്റു ചുമതലകൾ തീരുമാനിക്കും. അതിൽ ഉപനേതൃ സ്ഥാനം സിപിഐക്കാണ് എങ്കിൽ അപ്പോൾ അഭിപ്രായെ പറയുമെന്നും നിലവിൽ താൻ സിപിഐയുടെ നിയമസഭാ കക്ഷി നേതാവാണെന്നും രാജൻ പറഞ്ഞു.
District News
പത്തനംതിട്ട: കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന് അലംഭാവം കാട്ടിയ കോൺഗ്രസ് കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ആർ. മനോഹരൻ, സ്ഥാനാർഥിക്കെതിരേ സമൂഹമാധ്യമങ്ങളിൽ മോശം പരാമർശത്തോടെ പ്രചാരണം നടത്തിയ ബ്ലോക്ക് ജനറൽ സെക്രട്ടറി ജയേഷ് പുന്നമൂട് എന്നിവരെ അച്ചടക്കനടപടിയുടെ ഭാഗമായി ഇവർ വഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.
ഇതുസംബന്ധിച്ച് വ്യക്തമായ തെളിവും പരാതിയും ലഭിച്ചതിനേ തുടർന്നാണ് നടപടിയെന്നും സമാനമായ രീതിയിൽ കോന്നിയിലും ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിച്ചതായി ബോധ്യപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
International
കലിഫോര്ണിയ: ഇലോണ് മസ്കും ചാറ്റ് ജിപിടി നിര്മാതാക്കളായ ഓപ്പണ് എഐയും തമ്മില് നടന്ന നിയമപോരാട്ടത്തില് മസ്കിന് വന് തിരിച്ചടി.
കലിഫോര്ണിയയിലെ ഫെഡറല് കോടതി മസ്കിന്റെ ഹര്ജി തള്ളി. കേസ് ഫയല് ചെയ്യാന് മസ്ക് വലിയ കാലതാമസം വരുത്തിയെന്ന് ജൂറി കണ്ടെത്തിയതിനെത്തുടര്ന്നാണു നടപടി.
2015ല് ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയായി തുടങ്ങിയ ഓപ്പണ് എഐ പിന്നീട് വാണിജ്യവത്കരിക്കുകയും ലാഭം ലക്ഷ്യമിടുന്ന സ്ഥാപനമായി മാറുകയും ചെയ്തു.
കമ്പനിയുടെ ഈ മാറ്റം ആദ്യകാല കരാറുകളുടെ ലംഘനമാണെന്ന് മസ്ക് ആരോപിച്ചു. സൗജന്യമായി സാങ്കേതികവിദ്യകള് വികസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും സിഇഒ സാം ആള്ട്ട്മാനും മറ്റ് ഉന്നതരും ചേര്ന്നു കമ്പനിയെ ലാഭം കൊയ്യാനുള്ള ഉപകരണമാക്കി മാറ്റിയെന്നും അദ്ദേഹം വാദിച്ചു.
ആദ്യകാലത്ത് മസ്ക് ഓപ്പണ് എഐയില് പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഈ കേസ് ഫയല് ചെയ്തതു വളരെ വൈകിയാണെന്നും സ്വകാര്യമായ താത്പര്യങ്ങള് മുന്നിര്ത്തിയാണു കേസ് നല്കിയതെന്നും കമ്പനി വ്യക്തമാക്കി.
മസ്ക് കേസ് ഫയല് ചെയ്യാന് വൈകിപ്പോയെന്ന് വിലയിരുത്തിയ ജൂറി, സാം ആള്ട്ട്മാനോ ഓപ്പണ് എഐയോ ട്രസ്റ്റിന്റെ ചട്ടങ്ങള് ലംഘിച്ചിട്ടില്ലെന്നും കണ്ടെത്തി. വിധിക്കെതിരേ അപ്പീല് നല്കുമെന്ന് മസ്ക് അറിയിച്ചു. ചാരിറ്റബിള് ട്രസ്റ്റുകളുടെ പ്രവര്ത്തനങ്ങളെ തകര്ക്കുന്ന മാതൃകയാണിതെന്നും അദ്ദേഹം വിമര്ശിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ നേരിട്ട കനത്ത തിരിച്ചടിയിൽ വിലയിരുത്തലുമായി സിപിഐ . സിപിഐ നയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായെന്ന് പാർട്ടി വിലയിരുത്തൽ.
ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനം തോൽവിക്ക് പ്രധാന കാരണമായി. കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും പ്രാഥമിക വിലയിരുത്തൽ മാത്രമാണ് നടത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
പിഎം ശ്രീ, ഇലപ്പുള്ളി ബ്രൂവറി പ്രശ്നങ്ങൾ നിർണായകമായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പാർട്ടി പല വിഷയങ്ങളിലും ശക്തമായി വിയോജിപ്പറിയിച്ചെങ്കിലും പുറത്ത് ജനങ്ങൾ അറിഞ്ഞത് പിഎം ശ്രീയും, ഇലപ്പുള്ളിയും മാത്രമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.
അതേസമയം സിപിഎം പല തീരുമാനങ്ങളും ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. സംസ്ഥാനത്തെ 24 സീറ്റുകളിൽ മത്സരിച്ച സിപിഐയ്ക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), മുഹമ്മദ് മുഹ്സിൻ (പട്ടാമ്പി), കെ. രാജൻ (ഒല്ലൂർ), ഗീതാ ഗോപി (നാട്ടിക), കെ.കെ. വത്സരാജ് (കയ്പ്പമംഗലം), പി പ്രസാദ് (ചേർത്തല), സി അജയപ്രസാദ് (പുനലൂർ), ജി ആർ അനിൽ (നെടുമങ്ങാട്) എന്നിവരാണ് വിജയിച്ചത്.
2021ൽ 17 സീറ്റുകളിലാണ് പാർട്ടി വിജയിച്ചിരുന്നത്. ഇക്കുറി ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മത്സരിച്ച സിപിഐ മന്ത്രിമാരിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഐയ്ക്ക് ആശ്വാസമായി. സിറ്റിംഗ് സീറ്റായിരുന്ന ചടയമംഗലത്ത് മത്സരിച്ച മുൻ മന്ത്രി ജെ. ചിഞ്ചുറാണി മാത്രമാണ് പരാജയപ്പെട്ടത്.
International
ലണ്ടൻ: ബ്രിട്ടീഷ് പ്രാദേശിക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടി തോൽവി നേരിട്ടത് പ്രധാനമന്ത്രി കീയർ സ്റ്റാർമർക്കു വലിയ തിരിച്ചടിയായി.
ലണ്ടൻ ബറോകൾ, മെട്രോപോളിറ്റൻ കൗൺസിലുകൾ, ഡിസ്ട്രിക്റ്റ് കൗൺസിലുകൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ വലതുപക്ഷ റിഫോം യുകെ പാർട്ടി അപ്രതീക്ഷിത നേട്ടമുണ്ടായി. പ്രതിപക്ഷമായ കൺസർവേറ്റീവ ുകൾക്കും വലിയതോതിൽ സീറ്റ് നഷ്ടമുണ്ടായി.
രണ്ടു വർഷം മുന്പത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബറിനു വൻ വിജയം നേടിക്കൊടുത്ത സ്റ്റാർമറിനോടു ജനങ്ങൾക്കുള്ള വിപ്രതിപത്തിയാണ് പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
Sports
മുംബൈ: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് പേസർ ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്തായി.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഹർഷിതിന് പരിക്കേറ്റത്. മത്സരത്തിൽ ഒരു ഓവർ മാത്രമാണ് താരത്തിന് എറിയാനായത്.
ഹർഷിതിന് പകരക്കാരനായി പ്രസിദ് കൃഷ്ണയൊ മുഹമ്മദ് സിറാജൊ ടീമിൽ എത്തുമെന്നാണ് സൂചന. ശനിയാഴ്ച യുഎസ്എയ്ക്കെതിരേയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
National
ഛണ്ഡീഗഡ്: പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ ഡോ. നവ്ജോത് കൗർ സിദ്ദു പാർട്ടി വിട്ടു. പിസിസി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ വാറിംഗിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയാണ് നവ്ജോത് കൗർ പാർട്ടി വിട്ടത്.
സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ പ്രഖ്യാപിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പിസിസി അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്ത് ദുർബലപ്പെടുത്തിയെന്ന് അവർ വിമർശിച്ചു.
പഞ്ചാബിലെ മുൻ എംഎൽഎയും മുൻ മന്ത്രിയുമാണ് നവജോത് കൗർ. ആദ്യം ബിജെപിയിലായിരുന്നെങ്കിലും പിന്നീട് ഭർത്താവിനൊപ്പം ഇവർ കോൺഗ്രസിലെത്തി. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗവുമായി നിരന്തരം തർക്കങ്ങളുണ്ടായി. ഒരു ഘട്ടത്തിൽ തന്റെ ഭർത്താവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലേ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങൂവെന്നും അവർ നയം വ്യക്തമാക്കിയിരുന്നു.
അതേസമയം മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായാണ് നവജോത് കൗർ കോൺഗ്രസ് വിട്ടതെന്നത് പ്രധാനമാണ്. നവജോത് കൗർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. മോദി പങ്കെടുക്കുന്ന പരിപാടിയിൽ വച്ച് ഇവർ ബിജെപിയിൽ അംഗത്വം എടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനു കനത്ത തിരിച്ചടി. മുതിർന്ന നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പൊറ്റി കോൺഗ്രസിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫാണ് ഐഷ പോറ്റിക്ക് അംഗത്വം നൽകിയത്.
കോൺഗ്രസിന്റെ രാപ്പകൽ സമരത്തിന്റെ വേദിയിലെത്തിയാണ് അംഗത്വം സ്വകരിച്ചത്. സമരവേദിയിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചു. ഐഷ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്കു സിപിഎം സീറ്റ് നിഷേധിച്ചിരുന്നു.
കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി പറഞ്ഞു. പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ കോൺഗ്രസ് സമരവേദിയിൽ പറഞ്ഞു.
ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്നം എന്താണ്? വർഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യപക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശsരി പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം. കഴിഞ്ഞ പത്തു വർഷമായി ബിജെപി കുത്തകയാക്കി വച്ചിരുന്ന പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് നടത്തിയത്.
രണ്ട് മെമ്പർമാരുള്ള എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് ഇരുമുന്നണികളും തുല്യനിലയിലായത്. 2020-ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നും ബിജെപിക്ക് ആറും എൽഡി എഫിന് അഞ്ചും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണ യുഡിഎഫും ബിജെപിയും ഏഴ് സീറ്റുകൾ വീതം നേടി കരുത്തു തെളിയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി മറികടക്കാൻ ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താൻ ഒരുങ്ങുകയാണ് എൽഡിഎഫ്. ഇടക്കാല ബജറ്റില് സർക്കാർ വമ്പന് പ്രഖ്യാപനങ്ങള് നടത്തുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി ക്ഷേമപെന്ഷന് വര്ധന അടക്കമുള്ള കാര്യങ്ങളാണ് ആലോചനയിലുള്ളത്.സ്ഥാനാര്ഥികളെ അതിവേഗത്തില് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാകാനാണ് ഇടതു ക്യാമ്പിന്റെ തീരുമാനം. രണ്ട് ടേം വ്യവസ്ഥ കര്ശനമാക്കില്ല.
മൂന്നാം ഭരണം ലക്ഷ്യമിടുന്ന എല്ഡിഎഫിന് കടുത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്. എന്നാല് അതിനെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന് ക്ഷേമ ആനുകൂല്യങ്ങള് മുറുകെ പിടിക്കാനാണ് മുന്നണിയുടെ നീക്കം. ജന പിന്തുണ തിരിച്ച് പിടിക്കാനായി പാര്ട്ടി തലത്തിലും സര്ക്കാര് തലത്തിലും ഇതിനായി കഠിനപരിശ്രമം നടത്തും.
Sports
മെൽബൺ: ഓസ്ട്രേലിയന് ലീഗായ ബിഗ് ബാഷിലെ അരങ്ങേറ്റത്തില് നാണംകെട്ട് പാക്കിസ്ഥാന് പേസര് ഷഹീന് ഷാ അഫ്രീദി. മെല്ബണ് റെനെഗഡ്സിനെതിരായ മത്സരത്തില് ബ്രിസ്ബേന് ഹീറ്റിനായി അരങ്ങേറിയ ഷഹീന് അഫ്രീദി 2.4 ഓവറില് 43 റണ്സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നു നേടാനായില്ല.
ഇതിന് പുറമെ മത്സരത്തില് ബൗള് ചെയ്യുന്നതില് നിന്ന് വിലക്കും ലഭിച്ചു. റെനെഗഡ്സിനായി 56 പന്തില് 102 റണ്സടിച്ച ന്യൂസിലന്ഡ് താരം ടിം സീഫര്ട്ടും 29 പന്തില് 57 റണ്സടിച്ച ഒലിവര് പീക്കും ചേര്ന്നാണ് അഫ്രീദിയുടെ ബിഗ് ബാഷ് അരങ്ങേറ്റം കുളമാക്കിയത്.
പവര് പ്ലേയിലെ രണ്ടാം ഓവര് എറിയാനെത്തിയ അഫ്രീദി തന്റെ ആദ്യ ഓവറില് ഒമ്പത് റണ്സ് വഴങ്ങി. പിന്നീട് പതിമൂന്നാം ഓവറിലാണ് അഫ്രീദിയെ പന്തെറിയാന് ബ്രിസ്ബേന് ഹീറ്റ് നായകന് നഥാൻ മക്സ്വീനി വിളിച്ചത്. ആ ഓവറില് 19 റണ്സ് വഴങ്ങിയ അഫ്രീദി പതിനെട്ടാം ഓവര് എറിയാനെത്തിയപ്പോഴാണ് വിലക്ക് നേരിട്ടത്.
പതിനെട്ടാം ഓവറിലെ ആദ്യ പന്തില് സിക്സ് വഴങ്ങിയ അഫ്രീദിയുടെ രണ്ടാം പന്തില് സീഫര്ട്ട് സെഞ്ചുറിയിലെത്തി. പിന്നീട് രണ്ട് ഹൈ ഫുള്ടോസ് നോബോളുകളടക്കം തുടര്ച്ചയായി മൂന്ന് നോ ബോളുകളെറിഞ്ഞതോടെയാണ് അഫ്രീദിയെ മത്സരത്തില് തുടര്ന്ന് പന്തെറിയുന്നതില് നിന്ന് വിലക്കിയത്.
നഥാന് മക്സ്വീനിയാണ് പിന്നീട് അഫ്രീദിയുടെ ഓവര് പൂർത്തിയാക്കിയത്. 2.4 ഓവര് സ്പെല്ലില് മൂന്ന് നോബോളും രണ്ട് വൈഡുമാണ് അഫ്രീദി എറിഞ്ഞത്. 43 റണ്സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
Kerala
തിരുവനന്തപുരം: പന്തളം നഗരസഭയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടപ്പോൾ എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
എൽഡിഎഫിന് 14 സീറ്റാണ് ലഭിച്ചത്. യുഡിഎഫിന് 11 സീറ്റും ബിജെപിക്ക് ഒന്പത് സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ പാലക്കാടിന് പുറമെ എൻഡിഎ അധികാരത്തിലുണ്ടായിരുന്ന മുനിസിപ്പാലിറ്റിയാണ് പന്തളം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെതിരേ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിനു ഹാജരാക്കിയ രേഖകള് പര്യാപ്തമല്ലെന്നു സെഷന്സ് കോടതി ഉത്തരവില് വ്യക്തമാക്കിയതോടെ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും തിരിച്ചടി.
ദിലീപില്നിന്ന് ഒന്നാം പ്രതി പള്സര് സുനി പണം വാങ്ങിയതിനു ശാസ്ത്രീയമായ തെളിവ് ഹാജരാക്കാന് പ്രോസിക്യൂഷനായിട്ടില്ലെന്നു കോടതി ഉത്തരവില് പറയുന്നു.
ജയിലില്നിന്ന് ഒന്നാം പ്രതി ദിലീപിനെ ഫോണ് ചെയ്തുവെന്ന അന്വേഷണസംഘത്തിന്റെ വാദത്തിനു ബലം നല്കുന്ന തെളിവുകള് പര്യാപ്തമല്ല. ഡിജിറ്റല് രേഖകൾ ഹാജരാക്കിയതില് വീഴ്ചയുണ്ട്.
ദിലീപ് ഡിജിറ്റല് രേഖകളില് ക്രമക്കേട് നടത്തിയെന്ന വാദവും തെളിഞ്ഞിട്ടില്ല. അതേസമയം അറസ്റ്റിലായശേഷം ദിലീപ് ഫോണ് ഉപയോഗിച്ചത് എങ്ങനെയെന്ന ചോദ്യം ഉത്തരവില് കോടതി ഉന്നയിക്കുന്നുണ്ട്.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി. ബിജെപി പ്രവർത്തകനായിരുന്ന സി.ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്.
വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ സ്ഥാനാർഥിയെ നിർത്തിയത്. ബിജെപി നിലപാടിൽ പ്രതിഷേധിച്ച് 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജി വെച്ചിരുന്നു.
പാർട്ടിയിൽ നിന്നും ആർ. സുജിത്ത് രാജിവച്ചിരുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് സുജിത്തിന്റെ രാജി. പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.